ഹേ മെപ്പിൾ ,
ആരടിച്ചേല്പിച്ചു നിന്നിലെന്നോര്മകൾ?
ആര് ക്ഷണിച്ചു നിന്നെയെൻ ഓർമ്മകൾ തൻ
മാറാപ്പു പേറുവാൻ?
എവിടെ നിന് പൂവിൻ സൗരഭം?
എവിടെ മധുരമൂറും
അനുഭൂതി കനികൾ ?
പഴകിപതിഞ്ഞൊരെൻ
സ്മരണഭാരവും
പേറിപിറന്നിടുന്ന
നിന് പിഞ്ചിലകളുടെ
ഒരു നിമിഷം
മാറ്റിവെച്ചിടാം
ഒരു കൈക്കുമ്പിൾ സ്നേഹം
നാട്ടുമാന്ചോട്ടിലെ പുതുമണ്ണിൻ ഗന്ധത്തെ ഓർത്തിടാം.
ഒളിച്ചോടുവാനാവില്ലൊരു
ബാല്യതിനുമാ ഓർമ്മകൾ തൻ സുഗന്ധത്തിൽ നിന്നും.
നിന് നിഴൽ പറ്റി മണ്ണപ്പം ചുട്ടതും
മാമ്പഴം കട്ടുതിന്നതും
ഓണപ്പൂക്കളമിട്ടതും ഓണത്തപ്പനും
ഊഞ്ഞാലാടുമെൻ ഓർമ്മകൾ...
ഉമ്മറപടിമേൽ
തൂക്കിയിട്ടൊരാ ഇലകളും
അടുക്കളകോലായിലെ
മാമ്പഴപ്പുളിശേരിതൻ രുചിയും
പുലരെയെൻ പുഞ്ചിരി മിനുക്കിയും
നിദ്രാവിഹീന രാത്രികളിൽ
കൂട്ടിരുന്നും താരാട്ടുപാടിയും
എൻ ആത്മാവിലേക്ക്
നീ പടർന്നതും ഞാൻ അറിഞ്ഞതും...
വേരുകൾ മണ്ണിലെങ്കിലും
തട്ടിന്പുറത്തോരുപ്പുഭരണിയിൽ
അഴുകിയൊടുങ്ങുന്നു നിന് മഹത്വം.
ഗർഭപാത്രത്തിനുള്ളിലെന്നെ
അമ്മയോടണച്ച നിന്
പുളിയൂറും ആശ്ലെഷത്തിനും
ഒടുവിലെൻ ചിതയിലോപ്പം
പുണർന്നൊരുപിടിച്ചാരമാകുന്ന
സൗഹൃദത്തിനും
പ്രണാമം സുഹൃത്തേ...
നിന്റെ ചോട്ടിൽ വിരിഞ്ഞെത്രയോ
നിഗൂഡ നിമിഷങ്ങൾ
ഇനിയും പറഞ്ഞു തീരാത്ത
പ്രണയ കഥകൾ
ജന്മാന്തരങ്ങളായി നീ മാറോടണച്ച
ഒർമകളുടെ ഓരോ ഇഴകളുമെൻ ചൊടിയിൽ
ഓരോരോ പ്രാർത്ഥനയായി...
പ്രണാമം സുഹൃത്തേ...
പ്രണാമം.
എൻ ആത്മാവിലേക്ക്
ReplyDeleteനീ പടർന്നതും ഞാൻ അറിഞ്ഞതും...
പ്രണാമം സുഹൃത്തേ...
പ്രണാമം...